പോലീസ് ഉദ്യോഗസ്ഥൻ ആവാൻ ആഗ്രഹിക്കുന്ന മലയാളിയുടെ സ്വപ്നതുല്യമായ ജോലിയാണ് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് അഥവാ എസ്.ഐ. കേരള പോലീസ് സേനയിലേക്ക് കേരള പി.എസ്.സി നടത്തുന്ന ഏറ്റവും ഉയർന്ന റാങ്കിലേക്കുള്ള റിക്രൂട്ട്മെന്റ് ആണ് ഇത്. ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ വളരെയധികം ഭാരിച്ച ചുമതലകൾ വഹിക്കുന്ന ജോലി ഒരു സാമൂഹിക പ്രതിബദ്ധത കൂടി നൽകുന്നു. സ്റ്റേഷൻ ഓഫീസർ ആയ എസ്.ഐ ഓഫീസിലെ കാര്യനിർവഹണത്തോടൊപ്പം തന്നെ തന്റെ അതിർത്തിയിൽ വരുന്ന കേസുകളുടെ എഫ്.ഐ. ആർ തയാറാക്കുകയും ചാർജ് ഷീറ്റ് കോടതിയിൽ ഫയൽ ചെയ്യുകയും വേണം.
32300 മുതൽ 68700 രൂപ വരെയാണ് അടിസ്ഥാന ശമ്പളം. ഇതിനു പുറമെ DA, HRA, TA, Medical Allowance തുടങ്ങിയവയുടെ കൂടെ പുതിയ ശമ്പള കമ്മീഷൻ കൂടെ വരുമ്പോൾ ഏകദേശം 50000 രൂപ വരെ ശമ്പളമായി ലഭിക്കുന്നതാണ്. പരീക്ഷ പാസ്സായി വരുന്ന ഒരു ഉദ്യോഗാർഥി പോലീസ് ട്രെയിനിങ് കോളേജിലെ 1 വർഷത്തെ ട്രെയിനിങിനു ശേഷം പത്തര മാസത്തെ ജില്ലാ തല ട്രെയിനിങിനു ചേരുന്നു. ഈ സമയത്തെ ഉദ്യോഗാർഥിയുടെ പെർഫോമൻസ് തൃപ്തികരമല്ലെങ്കിൽ ഉദ്യോഗാർഥിയുടെ ട്രെയിനിങ് 6 മാസത്തേക്ക് കൂടി നീട്ടുന്നു. വീണ്ടും തൃപ്തികരമല്ലെങ്കിൽ അദ്ദേഹത്തെ ആ ജോലിയിൽ നിന്ന് പിരിച്ചു വിടുന്നതാണ്.
ഇങ്ങനെ ജോലിയിൽ എത്തുന്ന ഓഫീസർക്ക് 7 മുതൽ 9 വർഷം കഴിയുമ്പോൾ സർക്കിൾ ഇൻസ്‌പെക്ടർ ആയി ജോലി ലഭിക്കുന്നതാണ്. പിന്നീട് വേക്കൻസികളുടേയും അനുഭവസമ്പത്തിന്റെയും അടിസ്ഥാനത്തിൽ DYSP റാങ്കിലേക്ക് പ്രൊമോഷനും അവിടെ നിന്ന് ASP റാങ്കിലേക്കും പോയി ഒരു എസ്.പി വരെ ആകാനുള്ള സാധ്യത ഉണ്ടാകുന്നു. 20 – 31 വയസ്സ് വരെ ഉള്ളവർക്ക് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാം. മിനിസ്റ്റേരിയൽ വേക്കൻസിയിൽ വരുന്നവർക്ക് 36 വയസ്സാണ് പ്രായപരിധി. പട്ടിക ജാതി പട്ടിക വർഗ്ഗക്കാർക്ക് ഇതിൽ കൂടുതൽ പ്രായപരിധി പ്രതീക്ഷിക്കാം.
പോലീസ് സേനയിലേക്കുള്ള ജോലി ആയതുകൊണ്ട് തന്നെ ആൺ ഉദ്യോഗാർഥിക്ക് 5’55” ഉയരവും 32 ഇഞ്ച് നെഞ്ചളവും അതിൽ 2 ഇഞ്ച് നെഞ്ചു വികസനവും ആവശ്യമാണ്. SC/ST വിഭാഗക്കാർക്ക് 5’3″ ഉയരം മാത്രം മതി. വേറെ ഫിസിക്കൽ അളവുകൾ ഒന്നും തന്നെ ആവശ്യമില്ല. പെൺ ഉദ്യോഗാർഥിക്ക് 160 സെ.മി യും SC/ST വിഭാഗക്കാർക്ക് 155 സെ.മി ഉയരം മാത്രമാണ് വേണ്ടത്. കാഴ്ച പരിമിതി ഉള്ളവർ, പരന്ന കാൽപാദം ഉള്ളവർ, കാൽമുട്ട് കുട്ടിമുട്ടുന്നവർ, വെരിക്കോസ് ഞരമ്പുകൾ ഉള്ളവർ, നിര തെറ്റിയ പല്ലുകൾ ഉള്ളവർ തുടങ്ങിയവർ അപേക്ഷികേണ്ടതില്ല. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ സമയത്തു മെഡിക്കൽ സർട്ടിഫിക്കറ്റ് കൂടെ ഹാജറാക്കേണ്ടതാണ്.
