നമ്മുടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയിൽ വരുത്തിയ മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം. നിലവിൽ സുഭിക്ഷ കേരളം പദ്ധതിയുടെ രെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുകയാണ്. www.aims.kerala.gov.in/subhikshakeralam എന്ന പോർട്ടലിൽ ഓൺലൈനായി രെജിസ്റ്റർ ചെയ്യാവുന്നതാണ്. ഇവിടെ വ്യക്തികൾ,ഗ്രൂപ്പുകൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയ്ക്കായി രജിസ്റ്റർ ചെയ്യാനും മേൽ പറഞ്ഞ വെബ്സൈറ്റ് വഴി സാധിക്കും.
ഒരു വര്ഷം കൊണ്ട് സംസ്ഥാനത്ത് കൃഷി,ക്ഷീര വികസനം, മൃഗസംരക്ഷണം,മൽസ്യബന്ധനം എന്നിവയ്ക്ക് ഊന്നൽ നൽകി 3860 കോടി രൂപയുടെ പദ്ധതിയാണ് ഇത്. സുഭിക്ഷ കേരളം പദ്ധതിയിൽ സബ്‌സിഡിയുടെ കാര്യത്തിൽ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിലുള്ള മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്. സബ്‌സിഡിയുടെ ഉദ്ദേശ ലക്ഷങ്ങൾ കൈവരിക്കുന്നതിനായി നിലവിലുള്ള സബ്സിഡിയിൽ മാറ്റം വരുത്തി ഒരു ഹെക്ടറിന് നൽകാവുന്ന പരമാവധി സബ്‌സിഡി തുകയാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്.
പരാമാവധി നൽകാവുന്ന സബ്‌സിഡി തുക നെൽ കൃഷിയ്ക്ക് 40,000 രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്. 5000 രൂപ ഉടമയ്ക്കും 35,000 രൂപ കർഷകനും ആണ് ലഭിക്കുക. പച്ചക്കറി കൃഷിയിൽ കർഷകന് 37,000 രൂപയും ഉടമയ്ക്ക് 3,000 രൂപയുമാണ് ലഭിക്കുന്നത്. വാഴ കൃഷി ആണെങ്കിൽ ഉടമയ്ക്ക് 3,000 രൂപയും കർഷകൻ 32,000 രൂപയും ലഭിക്കും. ചെറുധാന്യ,കിഴങ്ങ് കൃഷിക്ക് പരമാവധി 30,000 ആണ് സബ്‌സിഡി. മറ്റ് വിളകൾക്ക് 10,000 രൂപ സബ്‌സിഡി ലഭിക്കും. പശു,എരുമ എന്നിവയുടെ യൂണിറ്റ് പോസ്റ്റിന് 60,000 രൂപ വരെ അനുവദിച്ചിട്ടുണ്ട്.
