നമുക്ക് അറിയാം നമ്മുടെ രാജ്യത്ത് ഒരുപാട് പേർ സാമൂഹ്യ സുരക്ഷാ പെൻഷൻ ഉപഭോക്താക്കളായിട്ടുണ്ട്. ഇപ്പോൾ നിലവിൽ പെൻഷൻ വാങ്ങിക്കൊണ്ടിരുന്ന കുറച്ചു പേർക്ക് പെൻഷൻ മുടങ്ങിയതായി കണ്ടു വന്നിരുന്നു. പെൻഷൻ ഉപഭോക്താക്കൾ ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കുന്ന മസ്റ്ററിങ് ചെയ്യാത്തവർക്കായിരുന്നു പെൻഷൻ മുടങ്ങിയതായി കാണാൻ സാധിച്ചത്.
വാർധക്യകാല പെൻഷൻ, കർഷക തൊഴിലാളി പെൻഷൻ,വിധവാ പെൻഷൻ, വികലാംഗ പെൻഷൻ, അവിവാഹിത പെൻഷൻ എന്നിവ വാങ്ങുന്നവരും ക്ഷേമ നിധി ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്നവരും ആണ് മസ്റ്ററിങ് പൂർത്തിയാക്കേണ്ടത്. നിലവിൽ അക്ഷയ കേന്ദ്രങ്ങളിലാണ് മസ്റ്ററിങ് സൗകര്യം ഉള്ളത്. അക്ഷയ കേന്ദ്രങ്ങളിൽ ചെന്ന് മസ്റ്ററിങ് ചെയ്യാൻ സാധിക്കാത്തവർക്ക് വീടുകളിൽ ചെന്നും മസ്റ്ററിങ് ചെയ്തു കൊടുക്കുന്നു. എന്നാൽ തദ്ദേശ സ്വയംഭരണ കേന്ദ്രങ്ങളിൽ ഇപ്പോൾ മസ്റ്ററിങ്ങിന് വേണ്ടിയുള്ള സൗകര്യങ്ങൾ സർക്കാർ ഏർപ്പെടുത്താൻ പോവുകയാണ്.
സാമൂഹ്യ സുരക്ഷാ പെൻഷനുകൾക്ക് കഴിഞ്ഞ ഏപ്രിൽ മുതൽ ലഭിച്ച അപേക്ഷകളിലെ മസ്റ്ററിങ്ങിന് കോർപറേഷൻ നഗരസഭാ, പഞ്ചായത്ത് ഓഫീസുകൾ എന്നിവിടങ്ങളിൽ സൗകര്യം ഏർപ്പെടുത്തുവാനും തനത് ഫണ്ടിൽ പണം വിനിയോഗിക്കുവാനും പഞ്ചായത്തു ഡയറക്ടർ ഉത്തരവിട്ടു. ഇതിനു വേണ്ടി പഞ്ചായത് ഓഫീസുകളിൽ ഒന്നും നഗരസഭകളിൽ മൂന്നും കോർപറേഷനുകളിൽ അഞ്ചും വീതം ഉപകരണങ്ങൾ വാങ്ങുവാനാണ് നിർദേശം. ഈ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടു കൂടി മസ്റ്ററിങ് എളുപ്പത്തിൽ ചെയ്യുവാൻ സാധിക്കുകയും പെൻഷൻ ലഭിക്കാത്തവർക്ക് വേഗത്തിൽ പെൻഷൻ ലഭിക്കുകയും ചെയ്യുന്നു.
