ഡ്രൈവിംഗ് ലൈസൻസ് മാറുന്നു

ഡ്രൈവിംഗ് ലൈസൻസ് ഉള്ളവരും ലൈസൻസ് എടുക്കാൻ പോകുന്നവരും അറിയുക ഡ്രൈവിംഗ് ലൈസൻസിൽ വരുന്ന മാറ്റങ്ങൾ. കേരളത്തിലും ഏകീകൃത പോര്‍ട്ടലിലേയ്ക്ക്ഡ്രൈവിംഗ് ലൈസന്‍സുകള്‍ മാറ്റാനുള്ള നടപടികൾ നടക്കുന്നു. കേരളത്തിൽ നിന്നുള്ള ഏകദേശം 85 ലക്ഷം ലൈസൻസുകളും കേന്ദ്ര ഡ്രൈവിംഗ് ലൈസന്‍സ് വിതരണ പോര്‍ട്ടലായ സാരഥിയില്‍ എത്തുന്നു. ഇത് വഴി ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ രാജ്യത്തെവിടെയും സാധിക്കും.

റിപോർട്ടുകൾ അനുസരിച്ച് സംസ്ഥാനത്തെ ഏകദേശം 80% ലൈസൻസുകളുടെയും ഡേറ്റ കൈമാറ്റം പൂര്‍ത്തിയായിട്ടുണ്ട്. ഇനി സാരഥിയിൽ അപ്ലോഡ് ചെയ്യാനുള്ളത് പാലക്കാട്, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ ആര്‍ടിഓകളിലെ ഡ്രൈവിംഗ് ലൈസന്‍സ് വിവരങ്ങള്‍ മാത്രമാണ്. ബാക്കി നടപടികൾ രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയായേക്കും. അത് കഴിഞ്ഞാൽ കേരളത്തിലെ ലൈസന്‍സ് മറ്റു സംസ്ഥാനങ്ങളില്‍ പുതുക്കാവുന്നതാണ്. ഇത് പോലെ തന്നെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ വരുന്നവർക്കും കേരളത്തിലെ ആര്‍.ടി.ഓകള്‍ വഴി ലൈസന്‍സിന് അപേക്ഷിക്കാനും പുതുക്കാനും സാധിക്കും.

വിദേശത്തുള്ളവര്‍ക്കും സാരഥിയുടെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി നടപടികൾ പൂർത്തിയാക്കാം. സാരഥിയിൽ ലൈസൻസുകൾ എത്തുന്നതോടെ കേന്ദ്രീകൃത നമ്പര്‍ സംവിധാനവും നിലവില്‍ വരും. 15 അക്ക നമ്പര്‍ സംവിധാനമാണ് ഡ്രൈവിംഗ് ലൈസൻസിന് നിലവില്‍ വരിക. ആദ്യ രണ്ടക്കങ്ങള്‍ സംസ്ഥാനത്തിന്റെ കോഡ്, പിന്നീടുള്ള രണ്ടക്കങ്ങള്‍ ഓഫീസ് കോഡ്, അടുത്ത നാലക്കങ്ങള്‍ ലൈസന്‍സ് വിതരണം ചെയ്ത വര്‍ഷം, പിന്നീടുള്ള ഏഴക്കങ്ങള്‍ ലൈസന്‍സ് നമ്പര്‍ എന്നിങ്ങനെയായിരിക്കും പുതിയ ഡ്രൈവിംഗ് ലൈസൻസിലെ നമ്പറിന്റെ ഘടന.

Leave a Reply