മുയൽ കൃഷിയിൽ നിന്നും വലിയ ലാഭം കൊയ്യാം

വലിയ തുക മുതൽമുടക്കില്ലാതെ നല്ലൊരു തുക ലാഭം കിട്ടുന്ന കൃഷിയെ പറ്റിയാണ് ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത്. കോവിഡ്‌ 19 പിടി മുറുക്കിയ ഈ കാലത്ത് ലോകമെമ്പാടുമുള്ള തൊഴിൽ തേടുന്നവരുടെ ജീവിതം താറുമാറായി കിടക്കുകയാണ്. അത്‌ കൊണ്ടു തന്നെ സ്വന്തമായി ഒരു ബിസിനസ്സ് അല്ലെങ്കിൽ കൃഷി തുടങ്ങണം എന്നു വിചാരിക്കാത്ത മനുഷ്യർ വളരെ വിരളമാണ്. പച്ചക്കറി കൃഷികളും മൽസ്യക്കൃഷിയും കോഴി വളർത്തൽ പോലുള്ളവ സുലഭമാണെങ്കിലും  വ്യതസ്തമായ ഒരു കൃഷിയാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത് – മുയൽ കൃഷി.

വിവിധയിനം ബ്രീഡുകൾ ഉണ്ടെങ്കിലും ഇന്നിവിടെ പരിചയപ്പെടുത്തുന്നത് വൈറ്റ് ജെയന്റ്‌ എന്ന ബ്രീഡിനെ പറ്റിയാണ്. ഇറച്ചിക്ക് വേണ്ടിയും ലാബുകളിലേക്കുൾക്കുള്ള ആവശ്യങ്ങൾക്കും വളർത്താൻ വേണ്ടി കൊണ്ടു പോകുന്നതുമാണ് ഈ ഇനത്തിന്റെ ആവശ്യകത. മുയൽ ഫാം നടത്തുന്നവരിൽ ഏറെ പേരും വൈറ്റ് ജെയന്റ്‌ എന്ന ഇനത്തിന്റെ ആണ് കൂടുതൽ വളർത്തുന്നതും. ഈ ഇനത്തിന്റെ തീറ്റ എന്നു പറയുന്നത് പ്രധാനമായും തവിടും പിണ്ണാക്കും ചേർന്ന മിശ്രിതവും രണ്ടു നേരവും ഒരു നേരം പുല്ലുമാണ്. ഇരുപത്തി നാല് മണിക്കൂറും ശുദ്ധ ജലം മുയലുകൾക്ക് ആവശ്യമാണ്. മഞ്ചട്ടിയിൽ കൊടുത്താൽ കുറെ നേരം തണുത്ത വെള്ളം കിട്ടുന്നതാണ്.

പ്രധാനമായും മുയലിനുണ്ടാകുന്ന രോഗം ഫംഗസ് ബാധയാണ്. എന്നാൽ വെറ്ററിനറി ഹോസ്പിറ്റലിൽ ഇതിനുള്ള മരുന്ന് ലഭ്യമാണ്. ഫംഗസ് ബാധ വരാതെ ഇരിക്കാൻ വളരെ ശ്രദ്ധ വേണം. അത് കൊണ്ട് തന്നെ മുയലുകൾക്ക് തണുപ്പ് കൂടിയ സ്ഥലങ്ങളിലും 30 ഡിഗ്രിയേക്കാൾ ചൂട് കൂടിയ സ്ഥലങ്ങളിലും വാസം ശരിയാവില്ല. മുയലുകൾക്ക് എല്ലായ്‌പോഴും വൃത്തിയുള്ള സ്ഥലത്ത് വസിക്കാൻ ആണിഷ്ടം. ആയതിനാൽ വൃത്തിയുള്ള കൂട് ഇല്ലെങ്കിൽ ഫംഗസ് ബാധ വരാനുള്ള സാധ്യത കൂടുതലാണ്. അത് പോലെ തന്നെ പ്രസവ കാലാവധി 28 ദിവസം മുതൽ 32 ദിവസം വരെയാണ്. അത് കൊണ്ട് പ്രത്യേക പരിചരണം ആവിശ്യമുണ്ട്.

നിങ്ങൾക്ക് മുയലുകളെ വളർത്താൻ താത്പര്യമുണ്ടെങ്കിൽ ഒരു യൂണിറ്റ്, അതായത് 7 പെൺ മുയൽകളും 3 ആൺ മുയൽകളും, വെച്ചു ചെറുതായി തുടങ്ങുന്നതാകും ഉചിതം. ഈ ഒരു യൂണിറ്റിൽ നിന്നു തന്നെ ചിലവുകൾ കഴിഞ്ഞു 6000 രൂപ വരെ ലാഭമായി പ്രതീക്ഷിക്കാം. ഏകദേശം 25 മുതൽ 30 മുയലുകൾ വരെ വീട്ടിൽ വളർത്താവുന്നതാണ്. അതിൽ കൂടുതൽ വളർത്തണമെന്നുണ്ടെങ്കിൽ പഞ്ചായത്തിന്റെ അനുമതി അല്ലെങ്കിൽ ലൈസൻസ് ആവശ്യമാണ്.

Leave a Reply