പോത്ത് വളർത്തൽ ലാഭകരമാക്കാൻ ശ്രദ്ധിക്കേണ്ടത്.

കോവിഡ് 19 പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്കഡോൺ , നമ്മുടെ സംസ്ഥാനം ഉൾപ്പടെ രാജ്യം തന്നെ സാമ്പത്തിക മാന്ദ്യത്തിലേക്ക് പോയി കൊണ്ടിരിക്കുന്നതായാണ് റിപ്പോർട്ട്.കാരണം നമ്മുക്ക് അറിയാം ഏകദേശം എല്ലാ വരുമാനവും സർക്കാരിന് നഷ്ടമാണ് ഈ സമയത്ത്. മാത്രമല്ല നമ്മൾ ഓരോത്തരും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.പ്രവാസികളുടെ കാര്യമാണ് കൂടുതൽ സങ്കടകരം,വിദേശത്ത് ജോലിയും ശമ്പളവുമില്ലാതെ ബുദ്ധിമുട്ടിലാകും ഇവർ. ഈ സമയത്താണ് നാട്ടിൽ എന്തെങ്കിലും ബിസ്സിനെസ്സ് തുടങ്ങുന്നതിനെ പറ്റിയുള്ള ചിന്തകൾ ഉണ്ടാകുന്നത്. അത്തരം ഒരു ബിസിനസിനെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. എങ്ങനെ വളരെ ലാഭകരമായ പോത്തിനെ വളർത്താം,കൂടാതെ പോത്ത് ബിസിനസ് ചെയ്യാൻ ഉദ്ദേശിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണ് എന്നറിയാൻ തുടർന്ന് വായിക്കുക.

ആദ്യം നമ്മൾ ശ്രദ്ധിക്കേണ്ടത് പോത്തിന് കൊടുക്കേണ്ട ആഹാരത്തെ കുറിച്ചാണ്.അത് കൊണ്ട് തന്നെ അതിനാവശ്യമായ പുല്ല് വളർത്താനുള്ള സ്ഥലം ഉണ്ടെന്ന് ഉറപ്പു വരുത്തുക.രണ്ടോ മൂന്നോ പോത്ത് വളർത്തുന്നവരാണെങ്കിൽ നമ്മുക്ക് പുഴയുടെ സൈഡിലോ അല്ലെങ്കിൽ തെങ്ങിന്റെ ചുറ്റിനും ഒക്കെ പുല്ല് നട്ടു വളർത്തിയാൽ മതിയാകും.പക്ഷെ ബിസ്സിനസ്സ് ആയി ചെയ്യുമ്പോൾ പത്തോ അതിൽ കൂടുതൽ പോത്തുകളെയോ വളർത്തുമ്പോൾ ഇത് പ്രയോഗികമല്ല. അത് കൊണ്ട് ആദ്യം നമ്മൾ പുല്ല് വളർത്താനുള്ള സ്ഥലം കണ്ടെത്തുക. ഒരു പോത്തിൻ കുട്ടിയെ വളർത്താൻ ഏറ്റവും കുറഞ്ഞത് 20 സെന്റ് സ്ഥലത്തെങ്കിലും പുൽ കൃഷി നടത്തണം.അത് കൊണ്ട് തന്നെ 10 പോത്തിൻ കുട്ടിയെ വളർത്താൻ ഏറ്റവും കുറഞ്ഞത് 2 ഏക്കർ പുല്ല് വളർത്താൻ പറ്റിയ സ്ഥലം കണ്ടെത്തണം.

കൂടിന്റെ കാര്യം പറയുകയാണെങ്കിൽ അത്ര വലുതൊന്നും വേണമെന്നില്ല, എന്നാൽ വലിയ മഴയും മഞ്ഞും ഒന്നും ഏൽക്കാതെ കയറി നിക്കാൻ പാകത്തിന് മതിയാകും.ഇനി കുളത്തിന്റെ കാര്യം പറയുകയാണെങ്കിൽ വലിയ ആഴം ഉള്ള കുളമൊന്നും വേണമെന്നില്ല.ഒരു ഏകദേശം നാലടിയോളം ആഴം വരുന്ന ടാങ്ക് തറയിലേക്ക് കുഴിച്ചിട്ട് അതൊന്ന് കെട്ടിയെടുത്താൽ മതിയാകും.ഇനി മറ്റൊരു രീതി നോക്കാം, പോത്തുകളെ ഒരു സ്ഥലത്ത് നിർത്തുകയാണെങ്കിൽ മുകളിൽ ഒരു സ്പ്രേയർ പോലെ വെച്ചാൽ മതിയാകും. കുളം ആണ് ഉത്തമം ,പക്ഷെ വെള്ളം മാറ്റി കൊടുക്കുക ഇല്ലെങ്കിൽ അസുഖങ്ങൾ വേഗം പകരാൻ സാധ്യതയുണ്ട്.ഇനി ഇതിന് തീറ്റ കൊടുക്കുന്ന കാര്യം പറയുകയാണെങ്കിൽ ചെറിയ സമയം കൊണ്ട് അതിന്റെ തൂക്കം കൂട്ടി വേഗം വിൽക്കണം എന്നുള്ളവർക്ക് പുല്ല് കൂടാതെ തീറ്റ കൂടി കൊടുക്കാവുന്നതാണ്.

ഒരു ഏക്കർ സ്ഥലത്ത് പുല്ല് വളർത്താൻ ഏകദേശം 25000 രൂപ ഒരു വർഷം ചിലവാകും.പത്ത് പോത്തിനെ വളർത്താൻ രണ്ടു ഏക്കർ സ്ഥലത്ത് പുല്ല് വളർത്തേണ്ടി വരും, അങ്ങനെയാകുമ്പോൾ 50000 രൂപ പുല്ല് വളർത്താൻ വേണ്ടി ചിലവാകും.10 പോത്തിൻ കുട്ടികളെ വാങ്ങി അതിനുള്ള കാര്യങ്ങൾ ഒക്കെ ചെയ്യുമ്പോൾ ഏകദേശം 3 ലക്ഷം രൂപ ചിലവാകും.പുല്ല് അറിയാനും പോത്തിനെ നോക്കാനും മറ്റു കാര്യങ്ങൾക്കും ഒക്കെ ജോലിക്കാരെ നിർത്തുകയാണെങ്കിൽ ഏകദേശം 20,000 രൂപ ചിലവാകും.പുല്ല് മാത്രം കൊടുത്ത് 10 പോത്തുകളെ വളർത്താൻ ചിലവ് മാത്രം പത്ത് മാസത്തേക്ക് ഏകദേശം 2 ലക്ഷം രൂപയാകും ചിലവാക്കുന്നത്.ഇനി പോത്തിന്റെ ബ്രീഡ് നോക്കുകയാണെങ്കിൽ, നാടൻ പോത്താണെങ്കിൽ ഈ രീതിയിൽ നോക്കിയാൽ പ്രതീക്ഷിച്ച ലാഭം കിട്ടില്ല.

Leave a Reply