ഒരു കിലോ അരിപ്പൊടികൊണ്ട് ബിസിനെസ്സ് തുടങ്ങാം

വെറും ഒരു കിലോ അരിപ്പൊടിയുടെ ചിലവിൽ ഒരു ബിസിനസ്സ് തുടങ്ങിയാലോ? സംശയിക്കേണ്ട, ഒരു കിലോ അരിപ്പൊടി ഉപയോഗിച്ചു ബിസിനസ്സ് തുടങ്ങി ആയിരങ്ങൾ സമ്പാദിക്കാം എന്നാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. പലതരത്തിലുള്ള ബിസിനസ്സുകൾ ഇപ്പോൾ കേരളത്തിൽ ഉണ്ടെങ്കിലും കൂടിയ മുതൽമടക്ക് ചില വിഭാഗം ആളുകൾക്ക് ബിസിനസ്സ് നടത്തിക്കൊണ്ട് പോകാൻ ബുദ്ധിമുട്ടാണ്. അത് കൊണ്ട് തന്നെ ചെറിയ രീതിയിൽ തുടങ്ങി വലിയ രീതിയിൽ നടത്താവുന്ന ബിസിനസ്സാണ് ഉണ്ണിയപ്പം ഉണ്ടാക്കി പാക്കറ്റിൽ ആക്കി വിൽക്കുന്ന ബിസിനസ്സ്.

ഉണ്ണിയപ്പം ബിസിനസ്സ് വിപണികളിൽ മുന്നേറണമെങ്കിൽ ഉണ്ണിയപ്പത്തിന് കൈപുണ്യം ഉറപ്പായും വേണം. രുചിയുള്ള ഉണ്ണിയപ്പങ്ങൾക്ക് വിപണികളിൽ ഡിമാൻഡ് ഉണ്ട്. ഒരു കിലോ അരി പൊടിച്ചു ഉണ്ണിയപ്പം ഉണ്ടാക്കി പാക്കറ്റുകളിൽ 10 എണ്ണം വീതം 12 അല്ലെങ്കിൽ 13 പാക്കറ്റുകൾ ഉണ്ടാക്കാൻ കഴിയും. ഒരു ബ്രാൻഡിന്റെ പേരോ ഒന്നും ഇതിനു ആവശ്യമില്ല, 50 മൈക്രോണിൽ കൂടുതൽ ഉള്ള പ്ളാസ്റ്റിക് കവർ മാത്രമായിരിക്കണം എന്നുള്ള നിബന്ധന മാത്രമേയുള്ളൂ.

ഇങ്ങനെ ഉള്ള പാക്കറ്റുകൾ വീടിനു അടുത്തുള്ള സ്റ്റേഷനറി കടകളിലോ അല്ലെങ്കിൽ ബേക്കറികളിലോ കൊണ്ട് പോയി കൊടുത്ത് നിങ്ങളുടെ കൈപുണ്യം അവരിലേക്കെത്തിക്കുക. കടയുടമൾക്ക് ഇഷ്ടമായെങ്കിൽ പാക്കറ്റുകളുടെ എണ്ണം കൂട്ടി കടകളിൽ വിൽക്കാം. ഓർക്കുക, ഉണ്ണിയപ്പം പോലുള്ള ബേക്കറി ഇനങ്ങളുടെ കേടാവാതെ ഇരിക്കാനുള്ള കാലാവധി നാലോ അഞ്ചോ ദിവസം മാത്രമാണ്. അത് കൊണ്ട് തന്നെ ഇങ്ങനെ ഉള്ള ഇനങ്ങളുടെ വില ഇടുന്നത് ശ്രദ്ധിച്ചു വേണം.

ഈ ഒരു രീതിയിൽ നിങ്ങളുടെ ബിസിനസ്സ് പടിപടിയായി ഉയർത്തിക്കൊണ്ടു വരാവുന്നതാണ്. ഇനി ഉണ്ണിയപ്പം നിർമാണത്തിനായി തൊഴിൽ രഹിതരായ വീട്ടമ്മമാരോ ആരെങ്കിലുമുണ്ടെങ്കിൽ അവർക്ക് കൂടി ശമ്പളം കൊടുത്തു ഉണ്ണിയപ്പ നിർമാണം കൂട്ടുക. ഒരു ഉണ്ണിയപ്പത്തിൽ 80 പൈസ ലാഭം കിട്ടിയാൽ, 4000 ഉണ്ണിയപ്പം ഒരു ദിവസം ഉണ്ടാക്കാൻ പറ്റിയാൽ 3200 രൂപ നിങ്ങൾക്ക് ലാഭമാണ്. എന്നാൽ 4000 ഉണ്ണിയപ്പം ഉണ്ടാക്കുക എന്നുള്ളത് എളുപ്പമല്ല, നല്ല രീതിയിലുള്ള അധ്വാനവും പ്രയാസങ്ങളും ഇതിലുണ്ടാവും. ഓർക്കുക, കഷ്ടപെടാതെ അധ്വാനിക്കാതെ ആർക്കും ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല.

Leave a Reply